ഇന്നിന്റെ യുവത്വം പാഠമാക്കേണ്ട ജീവിതമാണ് നജീമ എന്ന പെൺകുട്ടിയുടേത് …..ശരീരത്തിന്റെ പരിമിതികളെ മനോധൈര്യം കൊണ്ട് നേരിട്ട് വിധിയെ പോലും വെല്ലുവിളിച്ചവൾ …പതിമൂന്നാം വയസ്സിൽ മാർഫിൻ സിൻഡ്രോം എന്ന രോഗത്തിന്റെ രൂപത്തിൽ വിധി അതിന്റെ ക്രൂരത കാട്ടിയപ്പോൾ നജിമയ്‌ക്ക് നഷ്ടമായത് തന്റെ സ്വപ്നങ്ങളായിരുന്നു..അപ്രതീക്ഷിതമായി വന്നുചേർന്ന തന്റെ വിധിയിൽ ആദ്യമൊന്നു പകച്ചുപോയെങ്കിലും തന്റെ ലക്ഷ്യത്തെ എത്തിപ്പിടിക്കാൻ രോഗത്തോട് പൊരുതി….നേടാൻ കഴിയുന്നതെല്ലാം ജീവിതത്തിൽ നേടിയെടുക്കണമെന്ന വാശിയും എന്തിനും കൂടെ തുണയായി നിൽക്കുന്ന ഉമ്മയും ആണ് തന്റെ സ്വപ്നങ്ങളെ സഹായിച്ചതെന്ന് നജീമ സ്നേഹപൂർവ്വം ഓർക്കുന്നു….ശരീരത്തെ മുഴുവനായും രോഗം ബാധിച്ചെങ്കിലും തന്റെ മനോധൈര്യം കൈവിടാതെയാണ് നജീമ തന്റെ കവിതകളുടെ ലോകത്തിലേക്ക് ശ്രദ്ധ തിരിച്ചത്…ജീവിത ദുഃഖത്തെ തൂലികയിലൂടെ പകർത്തിയപ്പോൾ അത് കവിതയായി…..ആദി ശ്ലോകം തന്നെ ശോകത്തിൽ നിന്നുമുണ്ടായതാണല്ലോ…വിധി പലരീതിയിൽ വില്ലനായി പലതവണ ആക്രമിച്ചെങ്കിലും തളരാതെ ജീവിതത്തിന്റെ നാളെകളെ കുറിച്ചും തനിക്ക് ചെയ്തു തീർക്കാനുള്ള കടമകളെ കുറിച്ചുമാണ് നജിമ ചിന്തിക്കുന്നത് …തന്റെ വൈകല്യത്തെ മറന്നുകൊണ്ട് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാനാണ് നജീമയുടെ ആഗ്രഹം..സമൂഹത്തിൽ തന്നെപ്പോലെ ദുരിതം അനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ഈ അവസ്ഥയിലും മുന്നിട്ടിറങ്ങുന്നുണ്ട് ..അതിനായി ചലഞ്ചേഴ്‌സ് എന്ന സംഘടനയിൽ നജീമ പ്രവർത്തിക്കുന്നുണ്ട്…..ഭിന്നശേഷിക്കാരായ ഒരുകൂട്ടം യുവജനങ്ങളുടെ സംരംഭമാണ് ചലഞ്ചേഴ്‌സ് എന്ന സംഘടന.അതിന്റെ ഭാഗമായി കുട്ടനാട്ടിലെ പ്രളയ ദുരിത ബാധിതരായ 30 കുടുംബങ്ങൾക്കാണ് ഈ വര്ഷം സഹായവുമായി അവർ നേരിട്ടെത്തിയത് …തന്നെക്കൊണ്ടാവുന്നത് സമൂഹത്തിനു വേണ്ടി ചെയ്യണമെന്ന ആഗ്രഹമാണ് രോഗത്തിന്റെ തീവ്രതയേക്കാൾ നജീമയുടെ മനസ്സിൽ …ഒൻപത് ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും മനസ്സിന്റെ ധൈര്യവും ഉമ്മായുടെ പിന്തുണയും കൊണ്ടാണ് നജീമ മുന്നോട്ട് പോകുന്നത്…കവിതകൾ മാത്രമല്ല ഗ്ളാസ് പെയ്ന്റിങിലും ചിത്ര രചനയിലുമെല്ലാം തന്നെ തന്റേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.
നജീമ ഒരു പാഠമാണ് …ഇന്നിന്റെ യുവത്വത്തിന് ..ചെറിയ പരാജയങ്ങളെ പോലും അഭിമുഖീകരിക്കാൻ കഴിവില്ലാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന വിദ്യാസമ്പന്നരായ യുവതയ്ക്ക് ഒരു സന്ദേശമാണ് നജീമയുടെ ജീവിതം….ആരോഗ്യപൂർണമായ ഒരു ശരീരമല്ല ; സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള അർപ്പണബോധവും പരാജയങ്ങളിൽ തളരാത്ത ഒരു മനസ്സുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നജീമ നിസാമുദീന്റെ ജീവിതം…….