ശ്രീനഗര്‍ : ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പാകിസ്ഥാന് താക്കീതുമായി നോര്‍തേണ്‍ ആര്‍മി കമാന്റര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്. പാക് അധീന കശ്മീരിലെ ജനങ്ങളെ ബലിയാടുകളാക്കാന്‍ പാകിസ്ഥാന് ശ്രമിക്കരുതെന്ന് രണ്‍ബീര്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക് അധീന കശ്മീരിലെ ജനങ്ങളെ നിയന്ത്രണ രേഖകടക്കാന് പാകിസ്ഥാന് പ്രേരിപ്പിക്കുന്നുണ്ട്. ചിലര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയതായും വിവരവും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതിന് മുന്‍പ് എന്തിനും സജ്ജമായി ഇന്ത്യന്‍ സൈന്യം കാവലുള്ള കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സുന്ദര്ബിനി, രജൗരി, എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയക്ക് സമീപത്തെ പോസ്റ്റുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ നിയന്ത്രണ രേഖയിലും സമീപ പ്രദേശത്തും അതീവ ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്. പ്രദേശം മുഴുവന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ ചെറുക്കുന്നതിനായി പ്രത്യേക സംഘം തന്നെ വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണ രേഖ മറിക്കടക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധീന കശ്മീരിലെ ജനങ്ങള്‍ നിയന്ത്രണ രേഖ കടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് പാകിസ്ഥാനാണ്. ഇല്ലെങ്കില്‍ മറുഭാഗത്തുണ്ടാകുന്ന ഓരോ നഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ പാകിസ്ഥാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.