അരുണ്‍ ജയ്റ്റ്‌ലി: നീതിബോധത്തിലുരുത്തിരിഞ്ഞ പ്രൗഢ വ്യക്തിത്വം;

അരുണ്‍ ജയ്റ്റ്‌ലി: നീതിബോധത്തിലുരുത്തിരിഞ്ഞ പ്രൗഢ വ്യക്തിത്വം;

കൊച്ചി: ഭാരതത്തിന്റെ ദേശീയ നേതൃത്വനിരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു അരുണ്‍ ജറ്റ്‌ലി. ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായും ധനകാര്യവകുപ്പ് മന്ത്രിയായും നിറഞ്ഞുനിന്ന ജയ്റ്റ്‌ലി കേന്ദ്രഭരണസിരാകേന്ദ്രത്തിലെ അനിഷേധ്യനായ നേതാവായിരുന്നു.

തന്റെ സ്വതസിദ്ധമായ കാര്‍ക്കശ്യതയും ഏറ്റെടുക്കുന്ന വിഷയത്തിലുള്ള കറതീര്‍ന്ന അറിവും നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ജയ്റ്റ്‌ലിയെന്ന മികച്ച അഭിഭാഷകനെ ബിജെപിയിലെ കരുത്തനാക്കി മാറ്റി.

1952ല്‍ അഭിഭാഷകനായ മഹാരാജ് കിഷന്‍ ജയ്റ്റ്‌ലിയുടേയും രത്തന്‍ പ്രഭാ ജയ്റ്റ്‌ലിയുടെയും മകനായി ഡല്‍ഹിയിലായിരുന്നു ജനനം.മികച്ച വിദ്യാര്‍ത്ഥിയായതിനാല്‍ തന്നെ പ്രസിദ്ധമായ സെന്റ് സേവിയേഴ്‌സ് സ്‌ക്കൂളില്‍ പഠനം, തുടര്‍ന്ന് മികവിന്റെ പര്യായമായ ശ്രീരാം കോളേജ് ഓഫ് കോമേഴ്‌സില്‍ നിന്ന് ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും ഉന്നത നിലയില്‍ പാസ്സായി.

ഡല്‍ഹിയിലെ പഠനകാലത്ത് എബിവിപിയിലൂടെ ദേശീയ പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് അരുണ്‍ ജയ്റ്റ്‌ലി ചുവടുവയ്ക്കുകയായിരുന്നു.1974ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ തലയെടുപ്പുള്ള യൂണിയന്‍ അധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.ഏബിവിപിയുടെ ഡല്‍ഹി അധ്യക്ഷനായും അഖിലേന്ത്യാ സെക്രട്ടറിയായും പിന്നീട് ചുമതല ഏറ്റശേഷം 1980ല്‍ ബിജെപിയുടെ പ്രവര്‍ത്തക നിരയിലെത്തി.

വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നുകൊണ്ട് അഭിഭാഷകമേഖലയിലേയ്ക്ക് പ്രവേശിച്ച ജയ്റ്റ്‌ലി 1990ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി നിശ്ചയിക്കപ്പെട്ടു.1989ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി 37-ാം വയസ്സില്‍ നിയമിതനായി. മയക്കുമരുന്നിനും കള്ളപ്പണത്തിനുമെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോളനിയമ രൂപീകരണത്തിന്റെ ഭാഗമായ ജനറല്‍ അസംബ്ലിയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ ജയ്റ്റ്‌ലിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.

പൊതുരംഗത്തേയ്ക്ക് പ്രമാണിയായി കടന്നുവന്നയാളല്ല ജയ്റ്റ്‌ലി മറിച്ച് 1975ലെ അടിയന്തരാവസ്ഥയില്‍ അംബാലയിലേയും തിഹാറിലേയും ജയിലില്‍ 19 മാസം കരുതല്‍തടങ്കലില്‍ അടയ്ക്കപ്പെട്ട വിദ്യാര്‍ത്ഥി യുവനേതാവെന്ന പാരമ്പര്യവുമുണ്ട്.കോണ്‍ഗ്രസ്സിന് കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോകതാന്‍ന്ത്രിക് യുവമോര്‍ച്ചയുടെ കണ്‍വീനറായിരുന്ന ജയ്റ്റ്‌ലിയുടെ സംഘടനാമികവ് ഡല്‍ഹി കണ്ടതാണ്.

പ്രതിപക്ഷ നേതാവ്,രാജ്യസഭാ നേതാവ് എന്നീ നിലകളില്‍ ഏവര്‍ക്കും സ്വീകാര്യനായ കുലീന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.രാംജത് മലാനിയുടെ രാജിക്ക് ശേഷം അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ നിയമകാര്യവും കമ്പനികാര്യവകുപ്പും ജയ്റ്റിലിക്കായിരുന്നു.മന്ത്രിസഭയുടെ പതനത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറിയായി മാറി.

2014ലെ ബിജെപിയുടെ സമ്പൂര്‍ണ്ണ ആധിപത്യം പ്രകടമായ മന്ത്രിസഭയില്‍ ധനകാര്യം,കമ്പനികാര്യം എന്നിവയ്ക്ക് ശേഷം സുപ്രധാനമായ പ്രതിരോധവകുപ്പും കൈകാര്യം ചെയ്തു.ഭൂട്ടാന്‍ വിഷയത്തില്‍ 2017ല്‍ ചൈന നടത്തിയ പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ ഭാരതം ചരിത്രത്തെ മറക്കുന്ന രാജ്യമല്ല എന്ന ശക്തമായ മറുപടിയാണ് ജയ്റ്റ്‌ലി നല്‍കിയത്.(കടപ്പാട്..ജനം)