കോന്നി: വരുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതിനും വലതിനും വോട്ട് ചെയ്യരുതെന്ന് ഓർത്തഡോക്സ് സഭ. തങ്ങൾക്ക് ആവശ്യം വന്നപ്പോൾ ഇടത് വലത് മുന്നണികൾ അവഗണിച്ചു. ബിജെപി – ആർഎസ്എസ് പ്രവർത്തകർ മാത്രമാണ് ഒപ്പം നിന്നതെന്നും സഭയുടെ പ്രതിനിധികൾ പറഞ്ഞു. പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസ്, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് രാജ് എന്നിവർ കോന്നിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഓർത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിച്ചപ്പോൾ പിറവം, പെരുമ്പാവൂർ പള്ളികളിൽ സഹായവുമായി എത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകർ മാത്രമാണ്. അതുകൊണ്ടാണ് കെ. സുരേന്ദ്രനായി വോട്ടഭ്യർഥിക്കാൻ തങ്ങൾ കോന്നിയിൽ എത്തിയത്. സുരേന്ദ്രൻ വിജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അദ്ദേഹത്തെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ മുതൽ ആരംഭിച്ചിട്ടുണ്ട്.സഭാവഴക്കിനിടെ കൈക്ക് പൊട്ടലടക്കമുണ്ടായി ആശുപത്രിയിൽ കിടക്കേണ്ടി വന്ന ഒരു വ്യക്തിയാണ് താൻ. അതിന്റെ ഭാഗമായി തങ്ങൾ നൽകിയ പരാതിയിൽ കേസുകളെടുക്കാൻ പിണറായിയുടെ പോലീസ് തയ്യാറായില്ല. പിറവത്ത് അടക്കം ഇടത്-വലത് മുന്നണികൾ സഭയ്ക്കെതിരെ സ്വീകരിച്ച നിലപാട് കോന്നിയിലുള്ള സഭാ വിശ്വാസികളെ അറിയിക്കും.