ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി വൈകുന്നു; സര്‍ക്കാരിനെ സമീപിച്ച് വിജിലന്‍സ്:

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി വൈകുന്നു; സര്‍ക്കാരിനെ സമീപിച്ച് വിജിലന്‍സ്:

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി വൈകുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി വിജിലന്‍സ്. അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് നല്‍കിയ കത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 2നായിരുന്നു അന്വേഷണസംഘം സര്‍ക്കാരിനെ സമീപിച്ചത്. വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി കൈമാറിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ എജിയോട് നിയമോപദേശം തേടിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്.

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ അനുമതിയുടെ കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 18 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സ് രേഖാമൂലം മറുപടി നല്‍കേണ്ടിവരും.courtesy…Janam: