എൻ.സി.പി.ക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം:
മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടി. ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ കൈക്കൂലി ആരോപണം ഞെട്ടിക്കുന്നതും അവിശ്വസനീയവുമെന്നായിരുന്നു റാവത്തിന്റെ പ്രതികരണം.
എന്നാൽ ശിവസേനയുടെ വിമർശനത്തിനെതിരെ പ്രതികരിച്ച് എൻസിപിയും രംഗത്തെത്തി.വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തന്നെ അന്വേഷണം നടത്താവുന്നതാണെന്നാണ് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞത്
സർക്കാറിനുള്ളിലെ മുറുമുറുപ്പ് ഇപ്പോൾ പരംബീർ സിംഗിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അനിൽ ദേശ്മുഖിനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ശിവസേനയ്ക്കുള്ളിൽ ഉയർന്നു കഴിഞ്ഞു. എന്നാൽ ദേശ്മുഖിനെ മാറ്റുന്ന പ്രശ്നമില്ലെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പ്രതികരിച്ചത്.
അതേസമയം മഹാരാഷ്ട്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി യും രംഗത്തുണ്ട്. അനിൽ ദേശ്മുഖ് രാജി വെക്കണമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. കളങ്കിതനായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്രതിമാസം നൂറു കോടി രൂപ കൈക്കൂലി പിരിച്ചെടുത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാഗ്പൂരിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത് .