ഗ്വാളിയോര്‍: എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ കൊള്ളയടിച്ച് എട്ട് ലക്ഷം രൂപ കവര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികള്‍ വാഹനം കൊള്ളയടിച്ചത്. മധ്യപ്രദേശിലെ ഗാളിയാറില്‍ ശനിയാഴ്ച പകലായിരുന്നു സംഭവം. എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്ന വഴിക്ക് സിറ്റി സെന്റര്‍ ഏരിയയില്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് കൊള്ളയടിച്ചത്.
തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം നിര്‍ത്തിച്ച അക്രമികള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ തത്ഷണം വെടിവച്ച് കൊന്നു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് വെടിവയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് മുമ്പ് അക്രമികള്‍ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് പണം കൈക്കലാക്കി അക്രമികള്‍ രക്ഷപെട്ടു. തോക്കിന്റെ പെല്ലറ്റ് കൊണ്ട് പരുക്കേറ്റ വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.