ഷിംല: അതിശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.ഹിമാചല്‍പ്രദേശിലെ ലേയില്‍ നിന്ന് തിരിച്ചുവരുന്ന വിനോദ സംഘമാണ് റോഡ് ഒലിച്ചു പോയതിനെതുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്.
രണ്ടു ദിവസമായി ആഹാരമില്ലാത്ത അവസ്ഥയിലാണെന്നും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകാത്തതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം അരക്കിലോമീറ്ററോളം റോഡാണ് സുസുവില്‍ ഒലിച്ചുപോയത്. തകര്‍ന്ന റോഡുകള്‍ പുനനിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്.റോഡ് പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഷിംലയിലേയ്ക്ക് തിരികെ എത്താനാവുള്ളു.
കനത്ത മഴ തുടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അന്‍പതിലധികം ആളുകള്‍ക്ക് ജീവന് നഷ്ടമായി.
ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും 22 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഷിംല, കുളുമണാലി, മാണ്ഡി മേഖലകളെയാണ് മഴയും വെള്ളപ്പൊക്കവും കാര്യമായി ബാധിച്ചത്.
കനത്ത മഴയില്‍ കുളുമണാലിയില്‍ മലയാളികളുള്‍പ്പെടെ നിരവധി പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(കടപ്പാട്..ജനം)