കരകൗശല തൊഴിലാളികൾക്ക് കൈത്താങ്ങ്; 13,000 കോടിയുടെ പി.എം വിശ്വകർമ്മ പദ്ധതിക്ക് ജന്മദിനത്തിൽ തുടക്കം കുറിച്ച് നരേന്ദ്ര മോദി സർക്കാർ:
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി – വിശ്വകർമ്മ പദ്ധതി’ക്ക് ഇന്ന് തുടക്കം. ദ്വാരകയിലെ യശോഭൂമി എന്ന ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കരകൗശല വിദഗ്ധരെയും കരകൗശല തൊഴിലാളികളെയും പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും സഹായിക്കുന്നതിനുള്ള പദ്ധതിക്കാണ് വിശ്വകർമ്മ ജയന്തി ദിനമായ ഇന്ന് തുടക്കം കുറിച്ചത്.. പ്രധാനമന്ത്രിയുടെ 73- ജന്മദിനത്തിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 13,000 കോടി രൂപ കേന്ദ്രം ധനസഹായം നൽകും. തുടക്കത്തിൽ, സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ തുടങ്ങി 18 ഓളം പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് സാമ്പത്തികമായുള്ള സഹായം നൽകും. ഇതിന് പുറമേ പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാർന്ന പൈതൃകവും നിലനിർത്താനും പ്രാദേശിക ഉൽപ്പന്നങ്ങൾ, കല, കരകൗശല വസ്തുവസ്തുക്കൾ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.
ഓഗസ്റ്റിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് ‘പ്രധാനമന്ത്രി- വിശ്വകർമ്മ’ പദ്ധതിക്ക് അഞ്ച് വർഷത്തേക്ക് (FY24 മുതൽ FY28 വരെ) 13,000 കോടി രൂപ അനുവദിച്ചത്. പുതിയ പദ്ധതിക്ക് കീഴിൽ, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ്മ പോർട്ടൽ ഉപയോഗിച്ച് ”വിശ്വകർമ്മ” എന്ന് വിളിക്കപ്പെടുന്ന കരകൗശല വിദഗ്ധർക്ക് കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും. 30 ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി നരേന്ദ്രമോദി സർക്കാരിന്റെ അനേകം ജനക്ഷേമ പദ്ധതികളിൽ മറ്റൊരു പൊൻ തൂവലാകും എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.news desk kaladwani news.