കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം വേണമെന്ന് സുപ്രീം കോടതി:

കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം വേണമെന്ന് സുപ്രീം കോടതി:

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് എംഎല്‍എമാരോടും വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് മുന്‍പായി സ്പീക്കര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എംഎല്‍എമാര്‍ക്ക് രാജി സമര്‍പ്പിക്കണമെങ്കില്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നേരിട്ടു കൈമാറാമെന്നും കോടതി വ്യക്തമാക്കി.

തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജി വെക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്ന് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ വാദിച്ചു.

കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ രാജിക്കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ച തീരുമാനം കോടതിയെ അറിയിക്കണമെന്നും ചിഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു. എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് കര്‍ണ്ണാടക ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.