കളക്ടര്‍ ഒരു മണിക്കൂറിനകം ഹൈക്കോടതിയില്‍ വന്നില്ലെങ്കില്‍- അറസ്റ്റ് ചെയ്ത് എത്തിക്കും , ഉത്തരവ് നടപ്പാക്കിയേ പറ്റൂ – ഹൈക്കോടതി:

കളക്ടര്‍ ഒരു മണിക്കൂറിനകം ഹൈക്കോടതിയില്‍ വന്നില്ലെങ്കില്‍- അറസ്റ്റ് ചെയ്ത് എത്തിക്കും , ഉത്തരവ് നടപ്പാക്കിയേ പറ്റൂ – ഹൈക്കോടതി:

കൊച്ചി : കോതമംഗലം പള്ളിക്കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കളക്ടര്‍ വിധി നടപ്പാക്കാതെ കോടതിയെ അപമാനിക്കുകയാണ്. കോടതി വിധി നടപ്പാക്കിയില്ലെങ്കിലുള്ള ഭവിഷ്യത്ത് കളക്ടര്‍ക്ക് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കേസില്‍ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ വെളിപ്പെടുത്തി.

വിധി നടപ്പായില്ലെങ്കില്‍ ജില്ലാ കളക്ടറെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോതമംഗലം പള്ളി കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് കളക്ടര്‍ നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ വികാരി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കളക്ടറോട് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ കളക്ടര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് അഞ്ചുമിനുട്ടിനകം കളക്ടര്‍ ഹാജരായില്ലെങ്കില്‍, അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ കളക്ടര്‍ കോടതിയില്‍ ഹാജരായി. കളക്ടര്‍ക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

വിധി നടപ്പാക്കാതെ കോടതിയെ അപമാനിക്കുകയാണ് കളക്ടര്‍ ചെയ്യുന്നത്. ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ല. കോടതി ഉത്തരവിനെക്കുറിച്ച്‌ കളക്ടര്‍ക്ക് അറിവില്ലേ. കോടതി അലക്ഷ്യ നടപടികളെക്കുറിച്ച്‌ കളക്ടര്‍ ബോധവാനല്ലേ എന്നും കോടതി ചോദിച്ചു. വിധി നടപ്പാക്കാന്‍ കളക്ടര്‍ പദ്ധതി തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

15 ദിവസം കൂടി സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. കോതമംഗലം പള്ളിത്തര്‍ക്ക കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.courtesy..gramajothi: