കള്ളപ്പണം വെളുപ്പിക്കൽ: മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ:
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്മുഖ്.
എന്നാൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ അനിൽ ദേശ്മുഖ് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് ദേശ്മുഖിന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നത്. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗിന്റെ പരാതിയിലാണ് അനിൽ ദേശ്മുഖിനെതിരേ അന്വേഷണം നടക്കുന്നത്.
ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി രൂപ .. ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകളിൽ ദുരൂഹതയുമുണ്ടായിരുന്നു. പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്ന മുൻ ബോംബെ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ തുടക്കം. ആരോപണത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവച്ചത്. ഏപ്രിലിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക തിരിമറിക്ക് എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചത്.courtesy…