കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണം‘; യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ:
തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സംഭവം നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രോഗി വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കയറിയാല്‍ സര്‍ക്കാറിന്റെ സംരക്ഷണയിലാണെന്നാണ് ധാരണ. എന്നാൽ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ കൂടെ സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരോ കൊവിഡ് ബ്രിഗേഡോ ഇല്ലാതെ ഏത് രാത്രിയും യാത്ര ചെയ്യേണ്ടി വരുക എന്നത് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രോഗിക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. പെൺകുട്ടിക്കുണ്ടായ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങൾക്കും സൗജന്യവും ഉത്തമവുമായ ചികിത്സയും പിന്തുണയും വേണം. ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാർ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ പാടില്ല. പ്രതി വിചാരണ കഴിയാതെ പുറത്തിറങ്ങില്ല എന്ന് ഉറപ്പുവരുത്തണം. മുന്‍കാല പശ്ചാത്തലം നോക്കാതെ ജോലിക്കെടുക്കുന്ന ആംബുലന്‍സ് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.courtesy.brave india news
.