സിദ്ധരാമയ്യയുടെ തന്ത്രങ്ങളും ഡികെ ശിവകുമാറിന്റെ പവർ പൊളിറ്റിക്സും തുണയായില്ല. കെസി വേണുഗോപാൽ ബംഗളൂരിലേക്ക് പലതവണ പറന്ന കാശും നഷ്ടമായി. ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ കർണാടകയിൽ നിന്നു കൂടി കോൺഗ്രസ് പടിയിറക്കപ്പെടുമ്പോൾ പ്രഹരമേൽക്കുന്നത് സൗത്ത് ഇന്ത്യൻ റിപ്പബ്ലിക്ക് വാദികൾക്കു കൂടിയാണ്.
തെരഞ്ഞെടുപ്പടുത്തിരിക്കെ ദുർഭരണത്തിൽ പൊറുതി മുട്ടിയ ജനങ്ങൾ കോൺഗ്രസിനെ താഴെയിറക്കുമെന്ന് ഉറപ്പായിരുന്ന സമയത്താണ് സിദ്ധരാമയ്യ പുതിയ അടവുകളുമായി രംഗത്തെത്തിയത്. കർണാടകയ്ക്ക് സ്വന്തം പതാക , ലിംഗായത്ത് പ്രത്യേക മതം . ഇതായിരുന്നു സിദ്ധരാമയ്യയുടെ ട്രംപ് കാർഡുകൾ.
എന്നാൽ ദേശീയതയോട് എന്നും ചേർന്ന് നിന്നിരുന്ന കന്നഡ മക്കൾ ഈ ട്രംപ് കാർഡുകളിൽ വീണില്ല. ബിജെപിയെത്തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി. 104 സീറ്റുകളുമായി ബിജെപി ഒന്നാമതെത്തിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 80 സീറ്റുകൾ മാത്രം. ജെഡിഎസിന് ലഭിച്ചത് 37 സീറ്റുകൾ. അതുവരെ പരസ്പരം രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയ ജെഡിഎസും കോൺഗ്രസും ബിജെപിയെ മാറ്റി നിർത്താനായി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഒരുമിച്ചപ്പോൾ അതൊരു മോരും മുതിരയും കൂട്ടുകെട്ടായി.