ചക്ര സ്തംഭന സമരം ജനദ്രോഹപരവും, ജനങ്ങളോടുള്ള വെല്ലുവിളിയും :
ഇടതു വലതു മുന്നണികളുടെ അനുഗ്രഹാശിസുകളോടെ ഇന്നലെ കേരളത്തിൽ നടത്തിയ ചക്രസ്തംഭന സമരം അക്ഷരാർഥത്തിൽ ജനദ്രോഹപരവും, ജനങ്ങളോടുള്ള വെല്ലുവിളിയുമായി മാറി എന്നിരിക്കെ സമരാഹ്വാനക്കാരാകട്ടെ വാഹന ഉപയോക്താക്കളെയും സമര സില്ബന്ധികളെയും കേരളത്തിന്റെ പൊതുനിരത്തുകളിലേക്ക് ഇറക്കി വിട്ടതിൽ ഊറ്റം കൊളളുന്നുണ്ടാകാം. സമരം നടത്തിയവർക്കും, അതിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോയവർക്കും ജനദ്രോഹം ഏറ്റുവാങ്ങേണ്ടി വന്നവർക്കും അറിയാം ഈ സമരം വെറും ഒരു സമരാഭാസമാണെന്നു .നേതാക്കൾക്ക് നിർവൃതി അടയാനായി പെട്രോൾ വില വർധനവിന്റെ പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു..അത്രതന്നെ.
പെട്രോൾ വില കൂടുതലാണ്, സാധാരണക്കാരന് താങ്ങാവുന്നതിലുമ പ്പുറമാണ്.കേരളത്തിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ നടത്തി വന്നിരുന്ന നിത്യ ഹർത്താലുകളുടെയും, ബന്ദുകളുടെയും സ്ഥിതി തന്നയാണ് പലയിടങ്ങളിലെ പൊതുനിരത്തുകളിലും അരങ്ങേറിയത്.സമര സ്തംഭനക്കാർ ആശുപത്രിയിൽ പോകേണ്ടവരെ പോലും കടത്തി വിടുകയോ അല്ലെങ്കിൽ അതിനു സൗകര്യമൊരുക്കാനുള്ള സംവിധാനങ്ങളോ ഒരുക്കിയിരുന്നില്ല.
പറഞ്ഞു വന്നത് പെട്രോൾ വില കുറക്കേണ്ടതിനെ പറ്റിയാണ്. പെട്രോൾ വില ജി എസ് ടി യിൽ ഉൾപ്പെടുത്തുതുകയെന്നതാണ് ആകെയുള്ള ഒരു മാർഗ്ഗം . കേന്ദ്രം അതിനു തയാറാണെന്നു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാൽ കേരള സർക്കാരിന്റെ പിടിവാശിയാണ് അതിനു ഏകതടസമെന്നു ഇടതു വലതു മുന്നണിയിൽ പെട്ട എല്ലാ സമര പ്രതിഭകൾക്കും അറിയാവുന്ന കാര്യവുമാണ് . എപ്പോൾ നൂറു രൂപയ്ക്ക് വിൽക്കുന്ന പെട്രോളിലെ നികുതിയിനത്തിൽ നിന്നും ഏതാണ്ട് 39 രൂപ കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ വില കുറയണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ ആശയപരമായ ഭിന്നത വെടിഞ്ഞ് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി നല്ല വഴികൾ കണ്ടെത്തുന്നതിന് പകരം കുറെ അണികളെയും ഗുണ്ടാകളെയും പൊതുനിരത്തിലേക്ക് ഇറക്കി വിട്ടു ജനദ്രോഹ നടപടിക്രമങ്ങളിലേക്കല്ല നീങ്ങേണ്ടിയിരുന്നത് എന്ന പറയാതെ വയ്യ.എന്തെന്നാൽ അസം ,മേഘാലയ പോലുള്ള സംസ്ഥാനങ്ങൾ അവരുടെ നികുതി കുറച്ച് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വിൽപ്പന നടത്തുന്നുണ്ടെന്നത് തന്നെ.മോൻ ചത്താലും വേണ്ടില്ല. മരുമോളുടെ കണ്ണീരു കാണാമല്ലോ.. എന്ന് പറഞ്ഞത് പോലാണിവിടെ കാര്യങ്ങൾ …