ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തി. വിക്ഷേപണം നടന്ന് കൃത്യം പതിനാറാം മിനിറ്റില്‍ പേടകം ജിഎസ്എല്‍വിയില്‍ നിന്നും വേര്‍പ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിതായും ആദ്യ സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ പ്രഖ്യാപിച്ചു.
സാങ്കേതിക തകരാറുകള്‍ കാരണം ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്ന വിക്ഷേപണം ഇപ്പോള്‍ വിജയകരമായതിന്റെ സന്തോഷത്തിലാണ് ഐഎസ്ആര്‍ഒ സംഘം. കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ഡോ.കെ ശിവന്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് ഐഎസ്ആര്‍ഒയുടെ മാത്രം നേട്ടമല്ല, ഇന്ത്യയുടെയും ലോകത്തിന്റെയും മുന്നേറ്റമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപെയ്‌സ് സെന്ററില്‍ നിന്നുമാണ് ഉച്ചയ്ക്ക് 2,43ന് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രയാന്‍ 2 പേടകവുമായി ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 / എം1 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ശാസ്ത്രജ്ഞര്‍ക്കും പ്രമുഖര്‍ക്കും പുറമെ 7500 ലധികം ആളുകളാണ് ചരിത്ര ദൗത്യത്തിനു സാക്ഷ്യം വഹിക്കാനായി എത്തിയിരുന്നത്.