തൃശ്ശൂര്‍ : ചാലക്കുടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് പിതാവ് ഷൈജന്‍. താന്‍ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഷൈജന്‍ പറഞ്ഞു.
തന്നെ പാമ്പുകടിച്ചതാണെന്ന് കുട്ടി അധ്യാപകരോട് വ്യക്തമായി പറഞ്ഞിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ തന്നെ വിളിക്കുകയായിരുന്നു എന്ന് ഷൈജന്‍ പറഞ്ഞു. താന്‍ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 15 മിനിറ്റിനകം താന്‍ എത്തിയെന്നും കൂടുതല്‍ പരാതികള്‍ ഇല്ലെന്നും ഷൈജന്‍ വ്യക്തമാക്കി.
സിഎംഐ കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് സ്കൂളില്‍ വച്ച് പാമ്പുകടിയേറ്റത്. കുട്ടിയെ പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് വിഷബാധ ഏറ്റിട്ടില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയനാട് സുത്താല്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേല്‍ക്കുന്നത്.courtesy:janam