ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് വാർത്ത.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. 64 വയസായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് സൂചന.സൈന്യത്തിനു നിർണായക നീക്കങ്ങൾ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഏക സൈന്യാധിപന്റെ തീരുമാനത്തിനാകും പ്രാധാന്യം. സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ചുമതലയെന്നും പ്രധാനമന്ത്രി മോദി അടുത്തിടെ സൂചിപ്പിച്ചിരുന്നു
നിലവിൽ അമേരിക്ക ,ബ്രിട്ടൻ,ചൈന,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട് . മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ഏക സൈന്യാധിപന് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ പ്രഖ്യാപിക്കുന്നതിനൊപ്പം സൈനാധിപന് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.