ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല.മുല്ലപ്പെരിയാർ അണക്കെട്ടു പുതുക്കിപ്പണിയുന്നെങ്കിൽ ആരെക്കൊണ്ട് പണിയിക്കും.? കേരളം, തമിഴ്നാട്, കേന്ദ്രം..?
പൂച്ചയ്ക്ക് ആര് മണി കെട്ടും..?എന്ന് പറഞ്ഞ പോലാണ് കാര്യങ്ങൾ:
കേരള രാഷ്ട്രീയ ചരിത്രം പഠിച്ചാൽ ഇവിടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആര്ക്കും അണക്കെട്ടു പണിയാനോ പണിയിക്കാനോ ഉള്ള താൽപ്പര്യമില്ലെന്ന് മനസ്സിലാകും.രാഷ്ട്രീയ ലാഭത്തിനായി അതായത് ഭരണം പിടിക്കാനായി അണക്കെട്ടു ഇപ്പപ്പൊട്ടും ഇപ്പപ്പൊട്ടും എന്നുപറഞ്ഞവരും ഉടൻ അണക്കെട്ടു നിർമ്മിക്കണമെന്ന് പറഞ്ഞവരും ഒക്കെ ഇവിടെത്തന്നെയുണ്ട്. അതിൽ ചിലരൊക്കെ ഇപ്പോൾ പറയുന്നതാകട്ടെ അണക്കെട്ടിനെ കുറിച്ച് അശാന്തി പടർത്തരുതെന്നാണ്.
അണക്കെട്ടിനെ ഒരു ഇഷ്യൂ ആയി നിലനിർത്തിക്കൊണ്ടു പോകാനാണ് തല്പരകക്ഷികൾക്കൊക്കെ ഇഷ്ടമെന്നു ആർക്കാണറിയാത്തത്. ഇങ്ങനെ പോയാൽ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ അണക്കെട്ടു നിർമ്മിച്ച ബ്രിട്ടീഷുകാരെ പഴി പറയാം..പിന്നെ ചർച്ചകളായി.. തമ്മിൽ തല്ലാൻ അവസരമായി.. പുതിയതിനുള്ള പഠനമായി… അതിനിടയിൽ പഠനത്തിനായി വിദേശ പര്യടനവും ഉണ്ടായേക്കാം…അങ്ങനെ പലരുടെയും കുറെ നാളുകൾ സുഭിക്ഷമായി കഴിഞ്ഞു പോകും ; എന്നല്ലാതെ കേരളമാണ് നിർമ്മാണം നടത്തുന്ന അവസ്ഥയെങ്കിൽ കേരളത്തിലെ പാലാരിവട്ടം പാലം,കോഴിക്കോട് ബസ് ടെർമിനൽ , മറ്റെത്രയോ റോഡുകൾ ഒക്കെ നിർമ്മിച്ചയുടനെ വീണതും ഉപയോഗസൂന്യമായതും, അതിലൂടെയുണ്ടായ കോടികളുടെനഷ്ടവും ,ജനദുരിതവും കണക്കിലെടുക്കുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ കൂടി ഉറപ്പു വരുത്തേണ്ടതുണ്ട് .
ഇല്ലെങ്കിൽ ഇപ്പോൾ മഴക്കാലത്ത് മാത്രം ഉയിർപേടിയിൽ കഴിയുന്ന ജനസഹസ്രങ്ങൾ ഒള്ളോള്ള കാലവും ജീവഭയത്തിൽ തന്നെ കഴിയേണ്ട അവസ്ഥയുണ്ടായേക്കാം. എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് എടുത്തിട്ട പോലെ …!! രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വെള്ളക്കാരെ പഴി പറയാനും പറ്റില്ല.
അപ്പോൾ , പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന ചോദ്യം ഉയരുന്നതവിടെയാണ്.കേന്ദ്രം അല്ലെങ്കിൽ തമിഴ്നാട് … അതല്ലേ അതിന്റെ ഒരിത്. കേരളത്തിനു കമ്പിയും സിമന്റുമില്ലാതെ നിർമ്മിക്കാനറിയുമെന്നറിയാഞ്ഞിട്ടല്ല. എന്നാലും അണക്കെട്ടൊക്കെയാകുമ്പം….!!എന്നാണു പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തെക്കുറിച്ചുള്ള സാധാരണ മനുഷ്യന്റെ വിലയിരുത്തലാണിത്.
from the desk of chief editor, R Subhash Kurup, Rtd Indian Navy, Electronic Engr, journalist..Kaladwani new & Kaladwani Maazine