ജമ്മു കശ്മീരിലെ ഭീകരാക്രമണം; സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെടുകയുണ്ടായി.അജ്ഞാത തീവ്രവാദികള്‍ ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഇതിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്.
‘ഞങ്ങളുടെ 3 യുവ കാര്യകര്‍ത്താക്കളെ കൊലപ്പെടുത്തിയതിനെ ഞാന്‍ അപലപിക്കുന്നു. അവര്‍ ജമ്മു കശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മിടുക്കരായ ചെറുപ്പക്കാരായിരുന്നു. ദുഃഖകരമായ ഈ സമയത്ത് എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ .’ മോദി ട്വീറ്റ് ചെയ്തു.
ബിജെപി പ്രവര്‍ത്തകരായ വൈകെ പോറ സ്വദേശി ഗുലാം അഹ്മദ് യാതൂവിന്റെ മകന് ഫിദ ഹുസൈന് യാതൂ (ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറി), സൊഫത് ദെവ്സര്‍ സ്വദേശി അബ്ദുല്‍ റഷീദ് ബെയ്ഗിന്റെ മകന് ഉമര്‍ റാഷിദ് ബെയ്ഗ് (ബിജെപി പ്രവര്ത്തകന്), വൈകെ പോറ സ്വദേശിയായ മുഹമ്മദ് റംസാന്റെ മകന് ഉമര്‍ റംസാന് ഹജം (ബിജെപി പ്രവര്ത്തകന്) എന്നിവരാണ് മരിച്ചത്.
കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിടെ വച്ച് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും ഇത്തരം ഭീരുത്വ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും കൊലപാതകങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്കി. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും വിട്ടുപോയ ആത്മാക്കള്‍ക്ക് ശാശ്വത സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.