ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റുന്നു;

ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റുന്നു;

കണ്ണൂർ ;ജെയിലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. ടിപി വധക്കേസ് പ്രതിയായ ഷാഫിയിൽ നിന്നും സിമ്മോടു കൂടിയ രണ്ട് ഫോണും കൊടി സുനിയിൽ നിന്നും സിം ഇല്ലാത്ത ഒരു ഫോണുമാണ് പിടിച്ചെടുത്തത്. തുടർ നടപടിയുടെ ഭാഗമായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം .

ഏഴ് എഫ് ഐ ആറുകൾ സംഭവവുമായി ബന്ധപെട്ടു രജിസ്റ്റർ ചെയ്തു. ഇവർ ഫോണിലൂടെ ആരെയൊക്കെ ബന്ധപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷിക്കും. നിലവിലെ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം ചോദിക്കുന്നതിനപ്പുറം നടപടിയുണ്ടാകില്ല.

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു ജയിൽ വകുപ്പിന്റെ മിന്നൽ പരിശോധന. കണ്ണൂർ ജയിലിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്.മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ണൂരിലെ റെയ്‍ഡിൽ നിന്ന് കണ്ടെത്തി. ഋഷിരാജ് സിംഗിനൊപ്പം റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരും 150 പൊലീസുകാരുടെ സംഘവും ഉണ്ടായിരുന്നു.