ഡല്‍ഹിയിലെ കലാപകാരികളുടെ ആക്രമണം; മരണം അഞ്ചായി; പോലീസിനു നേരെ വെടിവെച്ചയാള്‍ പിടിയില്‍:
ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ കലാപകാരികള്‍ ഡല്‍ഹിയില്‍ നടത്തിയ വ്യാപക ആക്രമണത്തില്‍ മരണം അഞ്ചായി. ഒരു പോലീസുകാരനും നാല് പ്രദേശവാസികള്‍ക്കുമാണ് ആക്രമണത്തില്‍ ജീവന് നഷ്ടമായത്. കലാപകാരികളുടെ വെടിവെപ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അതേസമയം, പോലീസിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയിലായി.
ആക്രമണത്തില്‍ നൂറിലധികം അധികം ആളുകക്ക് പരിക്കേറ്റിരുന്നു. ഡിസിപി ഉള്‍പ്പെടെയുള്ള പത്ത് പോലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ ഗുരു തെഗ് ഹബദൂര് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് എന്നയാളാണ് പോലീസിനു നേരെ വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
അക്രമത്തിനു പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും പ്രക്ഷേപണം ചെയ്യരുതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തന്നെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.courtesy.. Janam: