ഡിസംബർ നാല് … ഇൻഡ്യൻ നാവികസേനാ ദിനം
ഭാരത നാവികസേനയുടെ 51-ാമത് വാർഷികദിനം ഡിസംബർ നാലിന് ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയുടെ സമൂദ്രാതിർത്തിയിൽ കാവൽ നിൽക്കുന്നവരുടെ ദിനം. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിനമാണിത്. ഇന്ത്യാ..പാകിസ്ഥാൻ യുദ്ധകാലത്ത്,1971 ഡിസംബർ നാലിന് കറാച്ചി തുറമുഖ ത്ത് ഇൻഡ്യൻ നാവികസേന നടത്തിയ അതിശക്തമായ ആക്രമണത്തിന്റെ ഓർമ്മ പുതുക്കലാണ് എല്ലാവർഷവും ഡിസംബർ നാലിന് ആചരിച്ചുവരുന്ന നാവിക സേനാ ദിനം.
വെറും 13 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ – എന്നും അഭിമാനത്തോടെ ഓർക്കാവുന്ന പരാക്രമണമാണ് ഇൻഡ്യൻ നാവികസേന ലോകത്തിന് കാഴ്ച വച്ചത്. ഇൻഡ്യൻ നാവികസേന ഇന്ന് സുശക്തമാണ്. ആയുധ ബലത്തിലും അംഗബലത്തിലും അതുപോലെ കഴിവിലും. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ഇന്ത്യാക്കാർക്ക് സുഖമായുറങ്ങാം. നാവികസേന കണ്ണുചിമ്മാതെ നമുക്കായി കാവലുണ്ട് എന്ന പരിപൂർണ്ണ വിശ്വാസത്തോടെ…
നാവികസേനയുടെ പ്രസക്തി മുമ്പെത്തെക്കാളും ഇന്ന് ഏറെ വർദ്ധിച്ചിരിക്കുന്നു. മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട ഇന്ത്യയുടെ സുരക്ഷിതത്വത്തിന്റെ നല്ലൊരു പങ്ക് ഭാരതീയ നാവികസേനയുടെ കൈകളിലാണ് അർപ്പിതമായിരിക്കുന്നത്. 6000 കിലോമീറ്ററോളം സമുദ്രാതിർത്തിയുള്ള ഭാരതത്തിന്, ഇന്ത്യൻ തുറമുഖങ്ങളുടെയും,അറബിക്കടലിലും,ബംഗാൾ ഉൾക്കടലിലും ചിതറിക്കിടക്കുന്ന ദ്വീപുകളുടെ സംരക്ഷണം, പ്രതിരോധം,കപ്പൽ ചാനലുകളുടെ സംരക്ഷണം, കപ്പൽ ചാർട്ടുണ്ടാക്കൽ, ദിശതെറ്റുന്ന കപ്പലുകൾക്ക് സഹായമെത്തിക്കൽ,കടൽക്കൊള്ളക്കാരിൽ നിന്നുള്ള സംരക്ഷണം,മത്സ്യബന്ധന ബോട്ടുകൾക്കും, ചരക്കുകപ്പലുകൾക്കും സംരക്ഷണം തുടങ്ങിയവ നാവികസേനയിൽ അർപ്പിതമായിരിക്കുന്ന ചുമതലകളാണ്.
നാവികസേനയുടെ ആപ്തവാക്യമാണ്…
“”ഷാനോവരുണ”(വരുണഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ)..
നാലുചുറ്റുമുള്ള ശത്രുക്കളുടെയും തീവ്രവാദികളുടെയും നടുവിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിറുത്തുന്ന നാവിക സേനാംഗങ്ങളെ നമുക്ക് ഈ ദിനം നന്ദിയോടെ സ്മരിക്കാം.കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന സമൂദ്രാതിർത്തിയിൽ ഇരമ്പിയടുക്കുന്നതിരമാലകളെയും,കൊടുങ്കാറ്റി നെയും,പേമാരിയെയും വകവയ്ക്കാതെ ഉറക്കമൊഴിച്ച് നമ്മുടെ ജീവനും,ഭാരതാംബയ്ക്കും വേണ്ടി കാവലിരിക്കുന്ന ദേശ സ്നേഹികളായ ഓരോ നാവികനും നമുക്ക് നൽകാം … “”ഒരു സമ്പൂർണ്ണ സല്യൂട്ട്”
അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടെ എന്തിനും തയ്യാറായി നിൽക്കുന്ന…ദേശസ്നേഹവും,ആത്മധൈര്യവും കൈമുതലാക്കിയ ഭാരതീയ നാവികസേനയ്ക്ക് ഏതടിയന്തിര ഘട്ടങ്ങളെയും വിജയകരമായി നേരിടാനുള്ള കരുത്തുണ്ട്. സേനയ്ക്ക് കരുത്തായി ഭാരതീയ ജനതയും… ഭാരതീയ നാവികസേനയ്ക്ക് വിജയആശംസകൾ നേർന്നു കൊണ്ട് …Chief Editor,Kaladwani News and Kaladwani maazine.(Subhash Kurup..Rtd Indian Navy)