പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധന കാലത്ത് പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് പരിശോധന നടക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷാണ് പരാതിക്കാരൻ.
നോട്ട് നിരോധനം നടന്ന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന പത്ത് കോടി രൂപ കള്ളപ്പണമാണെന്നായിരുന്നു ഗിരീഷ് നല്കിയ പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന പത്രത്തിന്റെ അക്കൗണ്ടില്‍ നവംബര്‍ അവസാനത്തോടെ ആയിരുന്നു പണം എത്തിയത്. കൊച്ചിയില്‍ നിന്നാണ് പണം നിക്ഷേപിച്ചത്. 2016 നവംബർഎട്ടിനായിരുന്നു നോട്ടു നിരോധനം
.പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തിലായിരുന്നു പണം അക്കൗണ്ടിലെത്തിയത്. പിന്നീട് ഈ പണം മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതിയില്‍ പറയുന്നത്. ഗിരീഷിനെ എന്‍ഫോഴ്സ്മെന്റ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.. പാലാരവിട്ടം കേസിനൊപ്പം കള്ളപ്പണ കേസ് കൂടി വിജിലന്‍സ് അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കള്ളപ്പണകേസ് ആയതിനാല്‍ ഇത് എന്‍ഫോഴ്സമെന്റാണ് ആന്വേഷിക്കണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.