”പാകിസ്താൻ മോഷ്ടിച്ച കശ്മീരിൻറെ ഭാഗം തിരികെപിടിയ്ക്കും, അതോടെ കാശ്മീർ പ്രശ്നവും തീരും ”; പാക് മാദ്ധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി എസ്.ജയശങ്കർ:
ന്യൂഡൽഹി; കശ്മീർ വിഷയത്തിൽ മുനവെച്ച ചോദ്യവുമായി എത്തിയ പാകിസ്താനി മാദ്ധ്യമപ്രവർത്തകനെ വായടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലണ്ടനിലെ ഏറ്റവും വലിയ തിങ്ക് ടാങ്കുകളിലൊന്നായ ചാതം ഹൌസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രത്യേക ക്ഷണിതാവായെത്തിയതായിരുന്നു എസ്.ജയശങ്കർ.
പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ ഉയർച്ചയും പങ്കും എന്നതായിരുന്നു പരിപാടിയുടെ വിഷയം. വിഷയം അവതരിപ്പിച്ച് കേൾവിക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ ക്ഷണിച്ചുതുടങ്ങിയപ്പോഴാണ് ഒരു പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ ചോദ്യം ചോദിക്കാൻ എന്ന ഭാവേന എഴുന്നേറ്റു നിന്നത്.
എൻറെ ചോദ്യം ജയശങ്കറിനെ ചിലപ്പോൾ പേടിപ്പിച്ചേക്കാമെന്നും, ഇന്ത്യ നിയമവിരുദ്ധമായി കശ്മീർ കയ്യടിക്കിയിരിക്കുകയാണെന്നുമാണ് അയാൾ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നോട് വലിയ സൌഹൃദമുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെക്കൊണ്ട് വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ സാധിക്കുമോ എന്നായിരുന്നു അയാളുടെ ചോദ്യം.
ഒരു ചോദ്യം എന്നതിലുപരി ഈ പരിപാടിക്കിടയിൽ അനാവശ്യ അലോസരമുണ്ടാക്കുകയാണ് ചോദ്യകർത്താവിൻറെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നെങ്കിലും, തൻറെ സ്വതസിദ്ധമായ ചിരിയോടെ എതിരാളിയുടെ വായടപ്പിക്കും വിധമാണ് ജയശങ്കർ മറുപടി നൽകിയത്.
”നോക്കൂ കശ്മീർ പ്രശ്നത്തിൻറെ വലിയൊരു ഭാഗവും ഞങ്ങൾ പരിഹരിച്ചുകഴിഞ്ഞു. ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതായിരുന്നു അതിലെ ഒരു വലിയ ചുവടുവെയ്പ്. കശ്മീരിൻറെ വളർച്ച അവിടുത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ, സാമൂഹിക നീതി എന്നിവ പുനസ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തെ ഘട്ടം. തെരഞ്ഞടുപ്പുകൾ നടത്തുക ആയിരുന്നു മൂന്നാമത്തെ ഘട്ടം. വളരെ ഉയർന്ന പോളിംഗ് ശതമാനത്തോടുകൂടി തന്നെ കശ്മീരിൽ തെരഞ്ഞെടുപ്പുകൾ നടന്നു”.
”ഇനി ഒരു കാര്യം മാത്രമെ പരിഹരിക്കാനുള്ളൂ. അതാണ് നാലാമത്തെ ഘട്ടം. പാകിസ്താൻ നിയമവിരുദ്ധമായി കയ്യടിക്കിവെച്ചിരിക്കുന്ന കശ്മീരിൻറെ മോഷ്ടിച്ച ഭാഗം തിരികെ എടുക്കലാണ് അത്. അതും പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾക്ക് ഞാൻ ഉറപ്പു തരാം കശ്മീർ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടും”, ജയശങ്കർ പറഞ്ഞു
ഡോ.ജയശങ്കർ ഒരു അന്താരാഷ്ട്ര വേദിയിൽ വെച്ചു നടത്തിയ അതിശക്തമായ ഈ പ്രഖ്യാപനം ഞെട്ടലോടെയാണ് പാകിസ്താൻ സ്വീകരിച്ചത്. പാകിസ്താൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ ബ്ലോഗർമാരും യൂട്യൂബർമാരും സജീവമായി ഈ വിഷയം ചർച്ച നടത്തുകയാണ്. ഇന്നത്തെ ലോക സാഹചര്യത്തിൽ പാകിസ്താൻ ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച ഭാഗം ഒരാക്രമണത്തിൽ ഇന്ത്യ തിരികെ പിടിച്ചാലും ലോകരാജ്യങ്ങൾ ഒന്നും മിണ്ടില്ലെന്നും അമ്പേ തകർന്ന പാകിസ്താൻ ഭരണകൂടത്തിന് ഇന്ത്യയ്ക്കെതിരെ ഒരു ചുക്കും ചെയ്യാനാവില്ലെന്നും പാകിസ്താൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ തന്നെ വിലാപമുയരുന്നു.
ജമ്മുകശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും എന്തോ കേട്ട് ഭയന്നപോലെയാണ് പ്രതികരണം നടത്തിയത്. ”പാകിസ്താൻറെ കയ്യിലിരിക്കുന്ന ജമ്മുകശ്മീരിൻറെ ഭാഗം തിരികെപിടിക്കുമെന്നാണ് വിദേശകാര്യമന്ത്രി പറയുന്നത്. തിരികെ പിടിക്കുന്നതിന് ആരെങ്കിലും അവരെ തടഞ്ഞോ, അവരത് ചെയ്യട്ടെ. കാർഗിൽ യുദ്ധസമയത്ത് അവർക്കത് ചെയ്യാൻ പാടില്ലായിരുന്നോ? ജമ്മു കശ്മീരിൻറെ കുറച്ചുഭാഗം ചൈനയുടെ കയ്യിലുമുണ്ട്. പാകിസ്താൻ ചൈനയ്ക്ക് സമ്മാനിച്ചതാണ് ആ ഭാഗം. പാകിസ്താൻറെ ഭാഗം തിരികെ പിടിക്കുമ്പോൾ ചൈന കൈക്കലാക്കിയ ഭാഗവും തിരികെ പിടിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്” , ഒമർ അബ്ദുളള കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ ഒരു തർക്ക പ്രദേശമാണെന്നും ജയശങ്കറിൻറെ വാദങ്ങൾ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ തെറ്റായി ചിത്രീകരിക്കുകയുമാണെന്നാണ് പാകിസ്താൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലിഖാൻ പ്രതികരിച്ചത്.www.kaladwaninews.com, 8921945001.