കൊച്ചി: ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടതെന്നും ഇക്കാര്യം ഇനിയും ആവര്‍ത്തിച്ചാല്‍ നടിപടിക്ക് വിധേയമാകേണ്ടിവരുമെന്നു കോടതി പോലീസിന് താക്കീത് നല്കി.
15സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെ അല്ലെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. പോലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സര്‍ക്കാര്‍ തീരുമാനവും ആണ്. ഇനിയും ലംഘനം ഉണ്ടായാല്‍ ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.