മാവേലിക്കര: നടുറോഡില്‍ പോലീസുകാരിയെ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്ന് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്കരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിലെത്തിയ യുവാവ് സൗമ്യയെ ഇടിച്ചിട്ട ശേഷം വെട്ടുകയും പിന്നാലെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പ്രതിയും പോലീസുകാരനാണ്. സംഭവത്തില്‍ അജാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വാളുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും തീ കൊളുത്തുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സൗമ്യയുടെ വീടിനടുത്തു വെച്ചാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായിപൊള്ളലേറ്റ സൗമ്യ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു.
കൃത്യം ചെയ്തയാള്‍ അജാസ് എന്ന പോലീസുകാരനാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുപയോഗിച്ച വാളും ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.