മാധ്യമപ്രവര്‍ത്തകന്റെ ചാരവൃത്തി: സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്:
ഡല്‍ഹി: ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ മാധ്യമപ്രവർത്തകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്:
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്കു കൈമാറിയ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് രാജീവ് ശര്‍മയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടുകെട്ടിയത് . ഡല്‍ഹിയിലെ പിതാംപുരയില്‍ രാജീവ് ശര്‍മയുടെ പേരിലുള്ള ഭവനമാണ് കണ്ടുകെട്ടിയ പ്രധാന സ്വത്ത്. കള്ളപ്പണം വെളുപ്പിക്കലിനും ഇയാള്‍ക്കെതിരേ ഇഡി കേസുണ്ട്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതിഫലം കൈപ്പറ്റി രഹസ്യവും തന്ത്രപ്രധാനമായ വിവരങ്ങള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ രാജീവ് ശര്‍മ കൈമാറിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്‘.പ്രതിഫലം കാരിയറുകള്‍ വഴിയും ക്യാഷ് ഡെപ്പോസിറ്റുകളിലൂടെയും ആണ് സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മറച്ചുവയ്ക്കാന്‍ തന്റെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടാണ് രാജീവ് ശര്‍മ പണം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്നത്.. ചാരവൃത്തി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ രാജീവ് ശര്‍മ അറസ്റ്റിലായിരുന്നു.