പത്തനംതിട്ട: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി വീണ്ടും പേരുമാറ്റി അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അവതരിപ്പിക്കുന്ന പദ്ധതി നവംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന് അടൂരില്‍ ഉദ്ഘാടനം ചെയ്യുകയാണ്. എന്നാല്‍, പദ്ധതിയുടെ സര്‍ക്കാര്‍ പ്രചാരണത്തിലെവിടെയും കേന്ദ്ര സര്‍ക്കാരിനേക്കുറിച്ചോ, നാഷണല്‍ പവര്‍ ഗ്രിഡിനേക്കുറിച്ചോ പരാമര്‍ശം പോലുമില്ല.
വി.എസ്. അച്യുതാനന്ദന് എതിര്‍ക്കുകയും അതിനു പാര്‍ട്ടി ശാസിക്കുകയും ചെയ്തതിലൂടെ വിവാദമായ കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഉദ്ഘാടനമാണ് 18-ാം തീയതി നടക്കുന്നത്. കൂടംകുളം-തിരുനെല്‍വേലി, തിരുനെല്‍വേലി-ഇടമണ്‍, ഇടമണ്‍-കൊച്ചി എന്നിങ്ങനെ മൂന്നു ഘട്ടമായിരുന്നു പദ്ധതി. 1779.25 കോടി രൂപയുടെ പദ്ധതിക്ക് 2005 ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശുപര്‍ശ പ്രകാരം കേന്ദ്ര വൈദ്യുതി അതോറിറ്റി അംഗീകരിച്ചതാണ്. മറ്റു രണ്ട് ഘട്ടവും സമയത്ത് പൂര്‍ത്തിയായി.
പദ്ധതി പ്രകാരം 2010ല്‍ ഇടമണ്‍ വരെ വൈദ്യുതി എത്തി. 2011ല്‍ കൊച്ചിയിലെ പള്ളിക്കരയില്‍ സബ്സ്റ്റേഷനും പണിതു. പദ്ധതിക്ക് സ്ഥലം ലഭ്യമാക്കേണ്ട ചുമതലയും നഷ്ടപരിഹാരം നല്കുന്ന ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. പക്ഷേ, 256 കോടി രൂപ മുടക്കി, ഇടമണ്ണില്‍നിന്ന് കൊച്ചിയിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 148 കിലോ മീറ്റര്‍ ലൈന്‍ മാത്രം പൂര്‍ത്തിയായില്ല. 447 ടവറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലമെടുപ്പായിരുന്നു തര്‍ക്ക കാരണം. 13 വര്‍ഷമായി എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ തീരുമാനമെടുക്കാതെ നീട്ടിയതുവഴി സംസ്ഥാനത്തുണ്ടായത് വലിയ നഷ്ടമാണ്.
ഒടുവില്‍ രാജ്യമെമ്പാടും വൈദ്യുതി എത്തിക്കുകയും ഊര്‍ജ പ്രസാരണ നഷ്ടം ഒഴിവാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍, പദ്ധതിയുടെ നടപ്പാക്കലിന് വിവിധ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തിനെതിരേ പവര്‍ ഗ്രിഡ് കോടതിയില്‍ പോയി. കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരായി. പിന്നീട് അഞ്ചിരട്ടി വരെ നഷ്ടപരിഹാരം നല്കി പിണറായി സര്‍ക്കാര്‍ ടവര്‍ നിര്‍മാണത്തിന് സ്ഥലം ലഭ്യമാക്കുകയായിരുന്നു. പദ്ധതി 2019 സപ്തംബര്‍ 25ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു.
കേരളത്തിലെ വോള്‍ട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരത്തിലേക്കുള്ള വലിയ ചുവടുവെയ്പ്പാണ് പദ്ധതിയെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പുമന്ത്രി എം.എം. മണിയും മുഖ്യമന്ത്രി പിണറായി വിജയനും അവകാശവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവരുടെ ഔദ്യോഗിക സാമൂഹ്യ മാദ്ധ്യമ പേജില്‍ കുറിപ്പും ചേര്‍ത്തു. കെഎസ്ഇബി ഊര്‍ജ വിപ്ലവം നടത്തിയെന്ന് പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എന്നാല്‍, ഒരിടത്തും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നോ, പവര്‍ ഗ്രിഡ് നടപ്പാക്കിയെന്നോ തുടങ്ങി ഒരു കാര്യവും പരാമര്‍ശിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും നേട്ടമായി അവതരിപ്പിച്ച് പോസ്റ്ററുകളും ഇറക്കിക്കഴിഞ്ഞു. നവംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന് അടൂരില്‍ ഉദ്ഘാടനം ചെയ്യും.courtesy for news & photo..Janam: