രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഹൂറിയത്ത് നേതാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ചതായി എന്‍ഐഎ:

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഹൂറിയത്ത് നേതാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ചതായി എന്‍ഐഎ:

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഹൂറിയത്ത് നേതാക്കള്‍ക്ക് പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ദേശീയ രഹസ്യാന്വേഷണ ഏജന്‍സി. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എങ്ങിനെയെല്ലാം വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും എന്‍ഐഎ പറയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ച കേസില്‍ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച പണം ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഹൂറിയത്ത് നേതാക്കള്‍ ഉപയോഗിക്കുന്നത്. തീര്‍ത്തും നിയമ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഭീകരവാദത്തിനായി പണം സമാഹരിക്കുന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

ഹൂറിയത്ത് നേതാക്കള്‍ ഭീകരരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. ഇവര്‍ കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാറുള്ളതായും, ഭീകരരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ച കേസില്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്, ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാവ് ഷബീര്‍ ഷാ, ധുക്തരന്‍ ഇ മില്ലറ്റ് നേതാവ് ആസിയ അന്ത്രാബി, ഓള്‍ പാര്‍ട്ടി ഹുറിയത്ത് നേതാവ് മസറത്ത് അലം, മുന്‍ നിയമസഭാ അംഗം റാഷിദ് എന്നിവര്‍ക്കെതിരെ ഒക്ടോബര്‍ നാലിന് ഡല്‍ഹി കോടതിയില്‍ സപ്ലിമെന്ററി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. 2010 മുതല്‍ 2016 വരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നും പണം വാങ്ങിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.