രാജ്യ വിരുദ്ധത മാത്രം പറയുന്ന രാഹുൽ ഗാന്ധി രാജ്യത്തിനപമാനം :
രാഹുൽ ഗാന്ധി എന്ത് കൊണ്ട് ഇന്ത്യയെ നയിക്കാൻ യോഗ്യനല്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേംബ്രിഡ്ജിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ഉന്നയിച്ച പല കാര്യങ്ങളും കണ്ണാടിയിലെന്ന പോലെ വ്യക്തമാക്കുന്നത് . ഒന്നാമതായി ഇന്ത്യയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വികലമായ കാഴ്ചപ്പാട് ഇയാളെ ഒരു രാഷ്ട്രീയ നേതാവായിരിക്കാൻ പോലും യോഗ്യത ഇല്ലാത്തവനായി മാറ്റുന്നുവെന്നത് തന്നെ. അല്ലെങ്കിൽ… ഇന്ത്യ ലോകത്തിലെ ഏറ്റവും മോശം രാജ്യമാണ്, ഇന്ത്യക്ക് ആരും ഒരു പ്രാധാന്യവും നൽകരുത്, ഇന്ത്യ പുറമേ കാണിക്കുന്നത് പോലെയല്ല ഒന്നുമിവിടെ… ജനാധിപത്യമില്ല, ജുഡീഷ്യറിയില്ല, മാധ്യമ സ്വാതന്ത്ര്യമില്ല , ന്യൂനപക്ഷ അവകാശങ്ങളില്ല, ഇന്ത്യയിൽ നിക്ഷേപം നടത്തരുത്, അവിടെ ബിസിനസ് അവസരങ്ങളില്ല, എല്ലാം അദാനിയുടെതാണ്..എന്നൊക്കെ ഏതെങ്കിലും രാജ്യസ്നേഹമുള്ളവൻ ഇടക്കിടെ വിദേശ രാജ്യത്തു പോയി മാതൃരാജ്യത്തെ കുറ്റം പറയുമോ..?
ഇയാളുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യ ഭീരുക്കളുടെ നാടാണ്! അധികാരത്തിനായി അമേത്തിയിൽ നിന്ന് ഒളിച്ചോടി വായനാട്ടിലെത്തി എംപി ആയ ഇയാൾ എന്താണ് മനസ്സിലാക്കിയിരിക്കുന്നത്.?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പിൽ ജയിക്കാനാകാത്തതുകൊണ്ട് ലോകം മുഴുവൻ നടന്ന് ഭാരതത്തെ കുറ്റം പറയാൻ ഇയാൾക്ക് എന്താണധികാരം ? അല്ലെങ്കിൽ ആരാണ് അനുവാദം കൊടുത്തിട്ടുള്ളത്? രാജ്യത്തെ നിയമം അനുശാസിച്ചു ജീവിക്കുന്ന ഒരു പൗരനെന്ന നിലയിലും ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെന്ന നിലയിൽ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തിയെന്ന നിലയിലും എനിക്ക് ഇത്രയുമെങ്കിലും പറയാതെ വയ്യ.
ഇയാളുടെ പ്രസംഗത്തിൽ “ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ്” ആണെന്ന് പല കുറി ആവർത്തിക്കുന്നുണ്ട് .യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന പ്രയോഗത്തെ അംബേദ്കർ തന്നെ കൃത്യമായി വിവരിച്ചിട്ടുള്ളതാണ് .രാഹുലിനെ സംബന്ധിച്ചിടത്തോളം 1947 ആഗസ്ത് 15 ന് നിരവധി രാജ്യങ്ങൾ ചേർന്ന് തട്ടിക്കൂട്ടിയ ഒരു ഭൂപ്രദേശം മാത്രമാണ് ഇന്ത്യ . അതുകൊണ്ട് യഥേഷ്ട്ടം അതിൽ നിന്ന് വിട്ടുപോകാമെന്നായിരിക്കും. ഇന്ത്യയിലെ ഒരു പ്രദേശത്തിനും തോന്നുമ്പോൾ പിരിഞ്ഞ് പോകാൻ കഴിയില്ല എന്ന് അംബേദ്കർ തന്നെ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ താൻ ഇന്ത്യയിലെ പ്രതിപക്ഷ നേതാവാണെന്നും പറഞ്ഞതാണ് മറ്റൊരു വിരോധാഭാസം. പ്രഭാഷണത്തിനിടെ രാഹുൽ ഗാന്ധി സദസ്സിലിരിക്കുന്ന സിഖുകാരനെ ചൂണ്ടിക്കാണിച്ച് “ഇദ്ദേഹത്തെ നരേന്ദ്ര മോദി ഇന്ത്യക്കാരൻ അല്ലെന്ന് പറയുന്നു , രണ്ടാം കിട പൗരനാണ് എന്ന് പറയുന്നു ” എന്നൊക്കെയാണ് ആക്ഷേപമുന്നയിക്കുന്നത് .
അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും അഭയാർഥികളായി ഓടിവന്ന സിഖുകാർക്ക് പൗരത്വം നൽകുന്നതിനെ എതിർത്തയാളാണ് രാഹുൽ ഗാന്ധി എന്നോർക്കണം . പഞ്ചാബിൽ വിഘടന വാദം രൂപപ്പെട്ട സാഹചര്യവും രാജീവ് ഗാന്ധിയുടെ കാർമ്മികത്വത്തിൽ നടന്ന സിഖ് വംശഹത്യയുമൊക്കെ മറച്ച് വച്ചുകൊണ്ടാണ് രാഹുലിന്റെ പ്രഭാഷണം . വിദേശ മണ്ണിൽ വച്ച് ഇന്ത്യയെ എത്രത്തോളം ഇകഴ്ത്തിക്കാണിക്കാമോ അതിലേറെയാണ് രാഹുലിന്റെ കേംബ്രിഡ്ജ് പ്രഭാഷണം . ചൈനയുടേത് സൗഹൃദങ്ങൾക്ക് വിലകല്പിക്കുന്ന സമീപനമാണത്രെ . വിദേശ മണ്ണിൽ പോകുന്ന ഇന്ത്യൻ പൗരന്മാർ , വിശിഷ്യാ രാഷ്ട്രീയ നേതാക്കൾ പുലർത്തേണ്ട ഒരു കീഴ് വഴക്കമുണ്ട് . രാഷ്ട്രീയ ഭിന്നതകൾ പ്രകടിപ്പിക്കേണ്ടത് വിദേശ മണ്ണിൽ അല്ല എന്നുള്ളതാണത് . അതുകൊണ്ടാണ് കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യക്ക് വേണ്ടി സംസാരിക്കാൻ പ്രതിപക്ഷ നേതാവായ അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നരസിംഹ റാവു പറഞ്ഞയച്ചത് .
രാജ്യത്തെ പിന്നിൽ നിന്ന് കുത്തുന്ന അൽപ്പനായ രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് സാമാന്യ ബോധമുള്ള ഏതൊരു ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ തോന്നിപ്പോകും . കോൺഗ്രസിനെ ഇന്ത്യൻ ജനത കൈവിടുന്നതിന്റെ കാരണമന്വേഷിച്ച് നിങ്ങൾ വേറെ എവിടെയും പോകേണ്ടതില്ല , രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ മതി..news desk kaladwani news.