ശക്തവും സുരക്ഷിതവുമായ ഇന്ത്യക്കായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ജനങ്ങളുടെ ആഗ്രഹം. നവഭാരത നിർമ്മാണത്തിൽ സാമൂഹ്യ ക്ഷേമപദ്ധതികൾ നിർണ്ണായകമെന്നും ലോക് സഭയിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തന്‍റെ സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ പുരോഗതിക്കാണ് ജനം ഇത്തവണ വോട്ടുചെയ്തത്. ദരിദ്രരുടെ ഉന്നമനമാണ് പ്രധാനം രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനവും ബഹിരാകാശത്തിലെ കുതിപ്പും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
രണ്ടാം വരവിലെ ലോക് സഭയിലെ ആദ്യ പ്രസംഗത്തിൽ നെഹ്റു കുടുംബത്തെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി കോൺഗ്രസ് ഇതര പ്രതിപക്ഷകക്ഷികളെ തലോടിയാണ് സംസാരിച്ചത്. നെഹ്റു കുടുംബത്തിന്റെ ദാസന്മാർക്കാണ് യുപിഎ സർക്കാരുകൾ പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ പ്രവർത്തനമികവ് മാത്രമാണ് എന്‍ഡിഎ സർക്കാരിന്റെ പരിഗണനാവിഷയം. രാജ്യപുരോഗതിയിൽ മുന്‍ സർക്കാരുകളെ പുകഴ്ത്തിയ മോദി പക്ഷെ മന്‍മോഹന്‍സിംഗിനെയും നരസിംഹറാവുവിനെയും കോൺഗ്രസ് മറന്നുവെന്നും കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടെന്നും, യാഥാർത്ഥ്യം തിരിച്ചറിയാത്ത കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്വലാഖ് ബില്ലിൽ മതം കലർത്തരുതെന്നും പ്രധാനമന്ത്രി കോൺഗ്രസിനോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പാവപ്പെട്ടവർക്കും സംരക്ഷണവും സഹായവും ഉറപ്പുവരുത്തുകയാണ് സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി(കടപ്പാട്; ജനം:)