വാളയാര്‍ കേസ് ; വിഷയത്തില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്:
ന്യൂഡല്‍ഹി: ദേശീയ ബാലാവകാശ കമ്മീഷന് വാളയാര്‍ സന്ദര്‍ശിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന് വാളയാര്‍ സന്ദര്‍ശിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി വി മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ സംസ്ഥാന ബാലാവകാശ കമ്മീഷന് നിയമനങ്ങള്‍ നടത്തിയതെന്ന് പരിശോധിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന് വ്യക്തമാക്കി.
വാളയാര്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചതിനാലാണ് പ്രതികളെ കോടതി വെറുതെ വിട്ടതെന്നാണ് ആരോപണം. സിപിഎമ്മിന്റെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാനുമായ അഡ്വ. എന്‍ രാജേഷാണ് വാളയാര്‍കേസില്‍ പ്രതിഭാഗത്തിന് വേണ്ടി കേസ് ഏറ്റെടുത്തത്.സി.ഡബ്ല്യു.സി പോലൊരു സമിതിയുടെ അദ്ധ്യക്ഷനായി ഇത്തരമൊരു വ്യക്തിയെ തിരഞ്ഞെടുത്തതിനാല്‍ നിലവിലുള്ള പല കേസുകളും അട്ടിമറിയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി ചെയര്മാന് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം ഇയാളെ നീക്കിയിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജേഷിനെ സ്ഥാനത്ത് നിന്ന് നീക്കിയത്.