സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ:
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന നടത്തുന്ന സംഭവങ്ങൾ വ്യാപകം . തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിലായിരുന്നു വിലക്ക് ലംഘിച്ച് കൂട്ടം ചേർന്ന് നിസ്കാര ചടങ്ങുകൾ നടത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ഇവിടെ കൂട്ട നിസ്കാരം നടന്നത്.
തൃശൂർ ചാവക്കാടും സമാനമായ സംഭവത്തിൽ അറസ്റ്റ് നടന്നു. തിരുവത്ര സ്വലാത്ത് നഗർ ജുമാ മസ്ജിദ് കമ്മിറ്റിക്കാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയായിരുന്നു കൂട്ട നിസ്കാരം നടന്നത്. പങ്കെടുത്ത 15 പേരിൽ അഞ്ച്പേരാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് പാണ്ടിപാടം മസ്ജിദിൽ നടന്ന ജുമാ നമസ്കാരത്തിൽ പങ്കെടുത്തതിന് 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ 9 പേർ അറസ്റ്റിലായി. പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ലോക്ക് ഡൗൺ ലംഘിച്ച് ആളുകളെ സംഘടിപ്പിച്ചതിന് കഴിഞ്ഞ ദിവസം തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷറഫിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. നടുവിലങ്ങാടി മസ്ജിദിൽ ആളെക്കൂട്ടി നമസ്കാരം സംഘടിപ്പിച്ചതിനാണ് നടപടി. സമാനമായ സംഭവത്തിൽ ഇന്നലെ കോട്ടയത്തും അറസ്റ്റ് നടന്നിരുന്നു. വിലക്ക് ലംഘിച്ച് സ്കൂളിൽ നിസ്കാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപന മേധാവി അടക്കം അറസ്റ്റിലായിരുന്നു.
അറസ്റ്റിലാകുന്നവർ നിമിഷങ്ങൾക്കകം ജാമ്യത്തിൽ പുറത്തിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളതെന്നതിനാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നതായുള്ള ആക്ഷേപം ഉയരുന്നുണ്ട്.