ഒസാക്ക: ജി20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.
ദുരന്ത നിവാരണത്തില്‍ ജപ്പാനുള്ള സാങ്കേതിക മികവ് ഇന്ത്യക്ക് ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് കോബയിലെ ഐതിഹാസികമായ ഹ്യോഗോ ഹൗസില്‍വച്ചു നടന്ന ചടങ്ങില്‍ ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 2019ല്‍ നേടിയ ചരിത്ര വിജയം സത്യത്തിന്റെയും, ജനാതിപത്യ മൂല്യങ്ങളുടെയും വിജയമാണ്. സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ് എന്ന മന്ത്രം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും മോദി വ്യ്കതമാക്കി.
ഭാരതത്തിന്റെ വികാസയാത്രയില്‍ ജപ്പാനുള്ള പങ്കിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത കാറുകള്‍ മുതല്‍ ബുള്ളറ്റ് ട്രെയിന്‍ വരെ ജാപ്പനീസ് സാങ്കേതിക മികവിന് ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാപ്പനീസ് ജനത ആരാധിക്കുന്ന 7 ഭാഗ്യദേവതകളില്‍ നാലും ഹിന്ദു ദേവതകളായ ലക്ഷ്മി, സരസ്വതി, കുബേരന്‍, മഹാകാല്‍ എന്നിവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.(courtesy..Janam)