സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി:
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി തള്ളി.
സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും സ്വർണ്ണക്കടത്തിൽ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളില്ലെന്നും ആരോപിച്ചാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. എന്നാൽ ശിവശങ്കറിനെതിരായ കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സാക്ഷിമൊഴികളിൽ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. അതിനാൽ മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.