അച്ഛനെയും മകളെയും സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടു; പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി:

അച്ഛനെയും   മകളെയും സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടു; പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി:

വയനാട്: വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതര പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ കയറാനുണ്ടായിരുന്നു. ഇതേ സ്റ്റോപ്പിലാണ് ജോസഫും മകളും ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കയറാതിരിക്കാന്‍ ജോസഫും മകളും ഇറങ്ങുന്നതിന് മുന്‍പ് തന്നെ ബസ് എടുത്തു. തുടര്‍ന്ന് മകള്‍ നീതു റോഡിലേക്ക് തെറിച്ചു വീണു.

സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. അപകടത്തില്‍ തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നീതുവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി.

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.