പാലോട്: സംസ്ഥാനത്ത് ആദ്യമായി തടവ് ചാടിയ വനിതാ തടവ് പുള്ളികള്‍ പിടിയിൽ .അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടിയ ശില്പ ,സന്ധ്യ എന്നീ തടവ് പുള്ളികൾ ആണ് പോലീസ് പിടിയിലായത് . ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ ജയില്‍ ചാടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറല്‍ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാങ്ങോട് സ്വദേശിയായ ശില്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ പിടിയിലാകുന്നത്.
കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറി മതില് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇവര്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മതില് ചാടി ഇരുവരും ഓട്ടോയില്‍ കയറി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതാ തടവ് പുള്ളികള്‍ തടവ് ചാടുന്നത്.