ന്യൂ ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ 30-ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
കശ്മീരിലെ സുരക്ഷാസ്ഥിതികള് അദ്ദേഹം വിലയിരുത്തും. അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ഭാഗമായുളള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗളാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇതിനു പിന്നാലെ കശ്മീരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്ക് കൂടി കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.