‘ അമർ രഹേ ‘ വീരമൃത്യൂ വരിച്ച സൈനികർക്ക് രാജ്യത്തിന്റെ സല്യൂട്ട് ; യുദ്ധസ്മാരകം സൈന്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

‘ അമർ രഹേ ‘ വീരമൃത്യൂ വരിച്ച സൈനികർക്ക് രാജ്യത്തിന്റെ സല്യൂട്ട് ; യുദ്ധസ്മാരകം സൈന്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ‘ നിങ്ങളാണ് ഈ രാജ്യത്തിന്റെ കരുത്ത് ‘ മോദിയുടെ വാക്കുകൾ കേട്ട സദസ്സ് ഒരു നിമിഷം മൗനത്തിലേയ്ക്ക് പോയി , അതൊരു പ്രണാമമായിരുന്നു, തങ്ങൾക്കായി ജീവൻ നൽകിയ ധീരസൈനികർക്കുള്ള പ്രണാമം.

സൈനികരുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പറഞ്ഞ മോദി യുദ്ധസ്മാരകം വരും തലമുറയ്ക്കുള്ള ഊർജ്ജമാകണമെന്നും ഓർമ്മിപ്പിച്ചു.രാജ്യ തലസ്ഥാനത്ത് യുദ്ധസ്മാരകം നിർമ്മിക്കുക എന്നത് വളരെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.എന്നാൽ അത് പൂർത്തീകരിക്കാൻ മറ്റ് സർക്കാരുകൾക്ക് സാധിച്ചില്ല.

എൻ ഡി എ സർക്കാർ ഏതാവശ്യത്തിനും സർക്കാരിനൊപ്പമായിരുന്നു.വൺ റാങ്ക് വൺ പെൻഷൻ വഴി സർക്കാർ ഇതുവരെ വിതരണം ചെയ്തത് 35,000 കോടി രൂപയാണ്.രാജ്യത്തെ സുരക്ഷയിൽ വീഴ്ച്ച വരുത്തിയ സർക്കാരാണ് കോൺഗ്രസിന്റേത്. യു പി എ സർക്കാർ നടത്തിയ പ്രതിരോധ കരാറുകളിൽ അഴിമതിയുടെ കറ പുരണ്ടിരുന്നതായും മോദി പറഞ്ഞു.

ന്യൂഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം, സ്വാതന്ത്ര്യം നേടിയത് മുതൽ രാജ്യത്തിനു പ്രതിരോധം ഒരുക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ശ്രദ്ധാഞ്ജലിയാണ്.

സുരക്ഷാ ദൗത്യങ്ങളിലും സായുധ കലാപം അടിച്ചമർത്തുന്നതിനുള്ള പ്രതിരോധത്തിലും വീരമൃത്യുവരിച്ച വരെയും ഓർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ദേശീയ യുദ്ധ സ്മാരകം. ലോകോത്തര നിലവാരമുള്ള സൗധമായി ദേശീയ യുദ്ധ സ്മാരകം ഒരുക്കുമെന്ന് 2014ൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അനശ്വരതയുടെ ചക്രമായ അമർ ചക്ര, ധീരതയുടെ ചക്രമായ വീരചക്ര, ത്യാഗത്തിൻ്റെ ചക്രമായ ത്യാഗ ചക്ര, സുരക്ഷയുടെ ചക്രമായ രക്ഷക്ചക്ര എന്നീ നാല് ഏക കേന്ദ്ര വൃത്തങ്ങൾ ഉൾപ്പെട്ടതാണ് സ്മാരകത്തിന്റെ രൂപരേഖ. മധ്യത്തിലുള്ള സ്മാരക സ്തംഭം, കെടാവിളക്ക്, ഇന്ത്യൻ കരസേനയും വ്യോമസേനയും നാവികസേനയും പൊരുതിയ ആറ് പ്രധാന യുദ്ധങ്ങൾ ആലേഖനംചെയ്ത വെങ്കല ചുമർചിത്രങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ദേശീയ യുദ്ധ സ്മാരക സമുച്ചയം.

പരമവീരചക്രം നേടിയ 21 പേരുടെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ജീവിച്ചിരിക്കുന്ന ജേതാക്കളായ സുബേദാർ മജ് ( ഓണററി ക്യാപ്റ്റൻ), വിരമിച്ച ബാണാ സിങ്, സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ്, സുബേദാർ സഞ്ജയ് കുമാർ എന്നിവരുടെ പ്രതിമകളും ഉൾപ്പെടും.

സ്മാരകത്തെപ്പറ്റി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ മൻ കി ബാത്തിലും പരാമർശമുണ്ടായിരുന്നു. ഭാരതത്തില്‍ ഒരു ദേശീയ യുദ്ധസ്മാരകം ഇത്രയും കാലം ഇല്ലായിരുന്നു എന്നതില്‍ തനിക്ക് ആശ്ചര്യവും വേദനയും തോന്നിയിരുന്നു. രാഷ്ട്രത്തിന്റെ രക്ഷയ്ക്കായി സ്വന്തം പ്രാണന്‍ ത്യജിച്ച വീരന്മാരായ ജവാന്മാരുടെ ശൗര്യഗാഥകള്‍ സ്വരൂപിച്ചുവയ്ക്കാനാകുന്ന ഒരു യുദ്ധസ്മാരകം വേണമായിരുന്നു. അങ്ങനെയൊരു സ്മാരകം വേണമെന്ന് താന്‍ തീരുമാനിക്കയുണ്ടായി.

ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും അത് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്. നാം കോടിക്കണക്കിന് ദേശവാസികള്‍, ഈ ദേശീയ സൈനിക സ്മാരകത്തെ നമ്മുടെ സൈന്യങ്ങളെ ഏല്‍പ്പിക്കും. രാജ്യം കടം വീട്ടാനുള്ള ഒരു ചെറിയ ശ്രമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കടപ്പാട് :ജനം ടീ വി