വയനാട്: അയോധ്യ സുപ്രീം കോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനം. മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെ 70 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.മുനീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മാര്‍ച്ച് തടഞ്ഞത്. വൈകുന്നേരത്തോടെ മാനന്തവാടി-കോഴിക്കോട് റോഡില്‍ നിന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. എന്നാല്‍ പ്രകടനത്തിന് മുമ്പ് തന്നെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മുദ്രാവാക്യം ആരംഭിച്ചതോടെ പോലീസ് മാര്‍ച്ച് തടഞ്ഞു.മുഴുവന്‍ പ്രവര്‍ത്തകരെയും പോലീസ് വാനിലും, ജീപ്പുകളിലുമായി അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരുടെ പ്ലക്കാര്‍ഡുകളും, മൈക്ക് സെറ്റുമെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കൂട്ടി അനുമതി വാങ്ങാതെയും, പോലീസ് നിര്‍ദ്ദേശം ലംഘിച്ചും പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഭാഗിക ഗതാഗത തടസ്സവും അനുഭവപ്പെട്ടു.