അര്‍ണബിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി;മഹാരാഷ്ട്രാ സർക്കാരിന് തിരിച്ചടി:
ഡല്‍ഹി: ആളുകളെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതിനുള്ള ആയുധമായി ക്രിമിനല്‍ നിയമം മാറുന്നില്ലെന്ന് ജുഡീഷ്യറി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണാക്കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.
ഭരണകൂടങ്ങള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്‌ക്കോടതികളും ഉണര്‍ന്നിരിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒറ്റ ദിവസത്തേക്ക് ആണെങ്കില്‍പ്പോലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്ന് കോടതി പറഞ്ഞു.
2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ അര്‍ണബിന് നവംബര്‍ 11നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നീതിനടത്തിപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരമോന്നത കോടതിയുടെ നടപടി. ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ കീഴ്‌ക്കോടതികള്‍ ഉത്തരവാദിത്വം മറക്കുന്നതായി സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.കേസിലെ മറ്റു പ്രതികളായ നിതീഷ് സര്‍ദ, ഫിറോസ് മുഹമ്മദ് ഷെയ്ഖ് എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.