ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.. ജോര്‍ബാഗിലെ വീട്ടിലെത്തിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് സിബിഐ സംഘം ഗേറ്റ് ചാടിക്കടന്നാണ് ചിദംബരത്തിന്റെ വീട്ടിലേക്ക് കടന്നത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രത്യക വാഹനത്തില്‍ വീട്ടിലേയ്ക്ക് എത്തുകയും നേരിട്ട് നിയമനടപടികളിലേയ്ക്ക് കടക്കുകയുമാണ് ചെയ്തത്.ചിദംബരത്തെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.പല തവണ ഗേറ്റ് തുറക്കാനാവശ്യപ്പെട്ടിട്ടും തുറക്കാത്ത സാഹചര്യത്തിലാണ് സിബിഐ ഉദ്യോഗസ്ഥർക്ക് ഗേറ്റ് ചാടി കടക്കേണ്ടി വന്നത്.
ഹൈക്കോടതിയെ സമീപിച്ച ചിദംബരത്തിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ഹാജരാകാൻ ചിദംബരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അദ്ദേഹം ഒളിവിൽ പോകുകയായിരുന്നു, തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെയാണ് ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ജോര്‍ബാഗിലെ വീട്ടിലെത്തിയത്.