തെലുങ്കാനയിൽ വനിതാ മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യല് മീഡിയയിലടക്കം പ്രതിഷേധം ശക്തം.
ഹൈദരാബാദ്: തെലുങ്കാനയിൽ വനിതാ മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. സോഷ്യല് മീഡിയയിലടക്കം സംഭവത്തിൽ വലിയ പ്രതിഷേധമാണ്. ഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന കേസിൽ നാല് ലോറിത്തൊഴിലാളികൾ അറസ്റ്റിലായിരുന്നു.മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. ഇവരിൽ ആരിഫ് ഒഴികെയുള്ളവർക്ക് 20 വയസ് മാത്രമാണുള്ളത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി 27 നു വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ഷംഷാബാദിലെ ടോൾപ്ളാസയില് നിന്നും 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. യുവതിയെ മാനഭംഗപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നു.പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്ന് വേഗം പോരാൻ നിർദേശിച്ച സഹോദരി പിന്നീട് തിരികെ ഫോൺ വിളിച്ചപ്പോൾ ഓഫായിരുന്നു.
ഫോൺ വിളിച്ചതിനു പിന്നാലെ മറ്റ് മൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തു നിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ച് കത്തിക്കുകയായിരുന്നു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്ടറുടെ സ്കൂട്ടറിലുമാണ് പോയത്.
പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. മൃതദേഹം പൂർണമായി കത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ സ്ഥലത്തു നിന്ന് പോയത്. പിറ്റേന്ന് പുലർച്ചെ പാൽവിൽപ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
കുറ്റവാളികൾക്കെതിരെ കർക്കശനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും നഗരഭരണമന്ത്രിയുമായ കെ.ടി. രാമറാവു പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
കൊല്ലപ്പെട്ട വനിതാ മൃഗഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവന വിവാദത്തിൽ. സഹോദരിയെ വിളിക്കുന്നതിനുപകരം ഡോക്ടർ അടിയന്തര പ്രതികരണ നമ്പറായ 100-ൽ പോലീസിനെ വിളിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്ന് മന്ത്രി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.“തെലുങ്കാനയിൽ കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗരൂകരാണ്. കഴിഞ്ഞ ദിവസംനടന്ന സംഭവത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്. കൊല്ലപ്പെട്ട ഡോക്ടർ വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. എന്നിട്ടും അവർ സഹായത്തിനായി സഹോദരിയെ വിളിച്ചത് നിർഭാഗ്യകരമായി. 100-ൽ വിളിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു’’ -മന്ത്രി പറഞ്ഞു.