ആത്മ നിർഭർ ഭാരത് പദ്ധതിയെ പ്രശംസിച്ച് ഐഎംഎഫ്:
വാഷിംഗ്ടൺ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയെ പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി. ആത്മ നിർഭർഭാരത് പദ്ധതി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അതിഗുരുതരമായ പ്രതിസന്ധിയിൽ നിന്നും കരകയറ്റിയെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് വ്യക്തമാക്കി.
അന്താരാഷ്ട്ര സാങ്കേതിക വിദ്യയുടെ ഉപയോഗം, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, മനുഷ്യ വിഭവ ശേഷിയുടെ പരിപോഷണം തുടങ്ങിയ കാര്യങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചു ചാട്ടം ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട പദ്ധതി വളരെ മികച്ച ഒന്നായിരുന്നു.നിക്ഷേപം ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങൾ പ്രസംസനീയമാണ്.പ്രതിസന്ധിയിൽ നിന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിൽ ഇന്ത്യ നേതൃനിരയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആത്മ നിർഭർ ഭാരത് പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.