ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി:
തിരുവനന്തപുരം: കോട്ടയത്തെ പായിപ്പാട് ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ സമരം ആസൂത്രിതമെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ എവിടെയും പട്ടിണി കിടക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ സൗകര്യം ഉറപ്പു വരുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ഭക്ഷണത്തിനായുള്ള സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പായിപ്പാട് സംഭവത്തിനു പിന്നില്‍ ഒന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ മലപ്പുറത്ത് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.