ഇന്ത്യയുടെ അഭിമാനകുട്ടികൾക്കൊപ്പം പ്രധാനമന്ത്രി; ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കൾക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് മോദി:

ഇന്ത്യയുടെ അഭിമാനകുട്ടികൾക്കൊപ്പം പ്രധാനമന്ത്രി;  ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കൾക്കൊപ്പം  ചിത്രങ്ങള്‍ പങ്കുവെച്ച് മോദി:

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോത്തോടനുബന്ധിച്ച ദേശീയ ബാലശക്തി പുരസ്‌ക്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. കുരുന്നു പ്രായത്തില്‍ സമൂഹത്തിന് പ്രേരണയും നാടിന് അഭിമാനവുമായ അവരോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. ബാലശക്തി പുരസ്‌ക്കാരത്തിന് അര്‍ഹരായവരുടെ ചിത്രങ്ങളും പ്രൊഫൈലും ഉള്‍പ്പെടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഈ കുരുന്നു പ്രതിഭകളെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

ദേശീയ ബാലശക്തി പുരസ്‌ക്കാരം 5 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് നൽകുന്നത്. കല, സാംസ്‌കാരികം, നൂതനങ്ങളായ കണ്ടുപിടുത്തങ്ങള്‍, പഠന നിലവാരം, സാമൂഹ്യ പ്രവര്‍ത്തനം, കായികം, പ്രതികൂല സമയത്തെ ധീരതയും ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളും അടക്കമുള്ള മേഖലകള്‍ക്കാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് കുട്ടികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തിപത്രവുമാണ് നല്കിയത്. ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പരേഡിലും കുട്ടികള്‍ പങ്കെടുക്കും