തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ അയച്ചു നല്‍കിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഗോകുല്‍. എസ് എം എസ് വഴിയാണ് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ അയച്ചതെന്നും ഗോകുല്‍ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ബന്ധു ജോലി ചെയ്യുന്ന പിഎസ്‌സി കോച്ചിംഗ് സെന്ററില്‍ വച്ചാണ് ക്രമക്കേട് ആസൂത്രണം ചെയ്തതെന്നും ഗോകുല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. കേസിലെ അഞ്ചാം പ്രതിയാണ് ഗോകുല്‍.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ തുടങ്ങിയപ്പോള്‍ തന്നെ ചേദ്യപ്പേര്‍ ലഭിച്ചിരുന്നു. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയില്ലെന്നും ഗോകുല്‍ മൊഴി നല്‍കി. ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കളഞ്ഞ് പോയെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
മൂന്ന് ദിവസത്തേക്കാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. അതേ സമയം പരീക്ഷ ഡ്യൂട്ടിയിലുണ്ടായ മറ്റ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് എസ് പി ക്യാമ്പിലെ പോലീസ് ഉദ്യേഗസ്ഥനായ ഗോകുല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയത്. അന്വേഷണ സംഘം പറഞ്ഞു.(കടപ്പാട്..ജനം)