‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, ജൂലൈ 31നകം നടപ്പാക്കണം’: നിർദ്ദേശവുമായി സുപ്രീംകോടതി:
ഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. കോവിഡ് പ്രതിസന്ധി പൂര്‍ണമായി ഒഴിയുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യണമെന്നും സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി് ആറിന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
കുടിയേറ്റ തൊഴിലാളികൾ എവിടെയാണ് താമസിക്കുന്നത് അവിടെ ഭക്ഷ്യധാന്യം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം പൂര്‍ത്തിയാക്കണം. നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.