കശ്‍മീരിൽ നിർണ്ണായക നീക്കങ്ങൾ;ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കി; മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലെന്ന് ട്വീറ്റ്:

കശ്‍മീരിൽ നിർണ്ണായക നീക്കങ്ങൾ;ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കി; മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലെന്ന് ട്വീറ്റ്:

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കി. താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വിഘടനവാദി നേതാക്കളെയാണ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് സൈന്യംപറയുന്നു. അതേസമയം, ജമ്മു കശ്മീര്‍ താഴ്വരയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൈനിക നടപടിയുടെ ഭാഗമായി നേരത്തെ ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ്  ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിര്‍ത്തിവെച്ചത്. ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബയും, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗങ്ങളെ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വെളുത്ത പതാകയുമായി വന്ന് കൊണ്ടു പോകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 29നും 31നും ഇടയില്‍ പാക് ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.